Monday, March 23, 2020

തീഗോളമായ്...

ഇന്നൊരു തീഗോളമായ് നീയോടി
വന്നുനിന്നതെൻ കണ്ണിലായിരുന്നു..

പേയിലാടുന്ന കാറ്റിൻ്റെ കൈകൾ പിഴുതെറിഞ്ഞ
ഒരു നൂറു പൂക്കളുടെ മരണഹാരത്തിലെ ഇന്നത്തെ
ചെണ്ടു നീയാണെന്നറിയുമ്പോഴും
ഇന്നലെ വരെ ഉരുകിയ ആയിരം മെഴുതിരികളിൽ
ഇന്നത്തെ വെളിച്ചം മാത്രമാണ് നീയെന്നറിയുമ്പോഴും

ഇനിയുമൊരു പൂ കൂടി കൊഴിയാതിരിക്കുവാൻ..
ഇനിയർക്കുമായിവിടെ മെഴുകുതിരികൾ തെളിയാതിരിക്കാൻ ...
ഈ കെട്ട കാലത്തോട് പുറം തിരിഞ്ഞു നിന്നൊന്നുറക്കെ
കരയുവാൻ, കൈകൂപ്പി പ്രാർത്ഥിക്കാൻ...

അല്ല, പെണ്ണൊരു വെണ്ണക്കൽശിലയല്ല, മലരല്ല, കുളിർകാറ്റല്ല,
കടലിൻ്റെ നിഗൂഢസൗന്ദര്യവുമല്ല..
അവൾ നിന്നെപ്പോലെ,യെന്നെപോലെ വെറും
ദേഹവും ദേഹിയും മാത്രമാണെന്ന് തിരിച്ചറിയാൻ..
ഇനിയുമെത്ര ജീവൻ്റെ വില നൽകണം, ഇനിയുമെത്ര
പെണ്ണിൻ്റെ നിലവിളികളുയരണം..!!

മതി, ഇനിയുമെത്രയവർത്തി പറഞ്ഞാലും മാറാത്ത
മൃഗതൃഷ്ണയെ ശമിപ്പിക്കാനല്ല, സ്വയമൊരു തീപ്പന്തമായ്
മാറിയ നിർഭയരെ സാക്ഷിയാക്കിയീ കൈകൾ കോർക്കാം..
യുദ്ധത്തിനല്ല, ദുഷിച്ച കാലത്തിൻ്റെ ചിതലരിച്ച വേരുകൾ
സ്നേഹത്താൽ, കരുണയാൽ, കണ്ണീരിനാൽ നനയ്കുവാൻ!

***********************

ഇനിയുമണയാത്ത കനലിന്റെ ഓർമകൾക്കായി...
https://www.manoramaonline.com/news/latest-news/2019/12/17/grieving-family-in-unnao-fears-revenge-sees-no-hope.html

No comments:

Post a Comment